Blog entry by Admin User

Picture of Admin User
by Admin User - Tuesday, 11 September 2018, 9:17 AM
Anyone in the world
എനിഗ്മാ മെഷീനുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിനു ലഭിച്ച പ്രതികരണങ്ങൾ ശ്രദ്ധേയമായിരുന്നു.(https://www.facebook.com/photo.php?fbid=1503704323069805) ഓഫ് ലൈൻ സൗഹൃദ വലയത്തിൽ ഒരിക്കൽ എനിഗ്മാ മെഷീനുകളെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരാൾ പോലും ഉണ്ടായിരുന്നില്ല അതിനെക്കുറിച്ച് കേട്ടറിവ് പോലുമുള്ളവർ. ഇവിടെ ഒരു പോസ്റ്റ് ഇടുന്നതിനു മുൻപേ തന്നെ അലൻ ടൂറിംഗിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഇമിറ്റേഷൻ ഗേം എന്ന സിനിമയെക്കുറിച്ചും ഉള്ള കമന്റുകളുടെ ബഹളമായിരുന്നു. അതായത് ഇതുപോലെയുള്ള ഒരു സൗഹൃദക്കൂട്ടം ഓഫ്‌ലൈൻ കിണറുകളിൽ മാത്രം ഒതുങ്ങി നിന്നാൽ കിട്ടുമോ? ഇമിറ്റേഷൻ ഗേം കണ്ടവർക്ക് കോട് ബ്രേക്കിംഗ് എന്താണെന്നതിനെകുറിച്ച് നല്ല ധാരണകൾ ലഭിച്ചിട്ടുണ്ടാകുമെന്ന് തിർച്ച. ക്രിപ്റ്റോഗ്രാഫി അഥവാ ഗോപ്യഭാഷ പോലെത്തന്നെ പ്രധാനമാണ് ക്രിപ്റ്റോഅനാലിസിസ് എന്ന കൊഡ് പൊളിക്കൽ വിദ്യ. പേരു കേട്ട് പേടിക്കേണ്ട. നമ്മളിൽ മിക്കവരും എന്താണെന്നറിഞ്ഞില്ലെങ്കിലും ക്രിപ്റ്റോ അനാലിസിസ് ചെയ്യാത്തവരായി ആരും ഉണ്ടാകാൻ വഴിയില്ല. ചുരുങ്ങിയത് ഏതെങ്കിലുമൊക്കെ മത്സര പരീക്ഷകളിൽ റീസണിംഗ് പേപ്പർ എഴുതിയവരിൽ. KERALAM എന്നതിനെ YUKRDFT കോഡ് ചെയ്താൽ DELHI എന്നതിനെ എങ്ങിനെ സൂചിപ്പിക്കാം എന്ന തരത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങൾ പ്രാക്റ്റീസ് ചെയ്ത് തല പുണ്ണാക്കുന്നവർ ചെയ്യുന്നത് ക്രിപ്റ്റോ അനാലിസിസ് തന്നെയാണ്. ചിലർക്ക് ഒരു പാറ്റേൺ കാണുമ്പോഴേ പെട്ടന്ന് തന്നെ അതിൽ മറഞ്ഞിരിക്കുന്ന വാക്കോ അല്ലെങ്കിൽ അതിന്റെ യുക്തിയോ ഒക്കെ തിരിച്ചറിയാൻ കഴിയും. സ്ഥിരമായ പ്രാക്റ്റീസിലൂടെ ആ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യാം. ഇത്തരത്തിൽ അക്ഷരങ്ങളെ മാറ്റി മറിച്ചുകൊണ്ട് കസർത്ത് നടത്തി ഉണ്ടാക്കിയെടുക്കുന്ന രഹസ്യ സന്ദേശങ്ങളെ പൊളിച്ചടുക്കുന്ന വിദ്യയിൽ അഗ്രഗണ്യരായവർക്ക് പണ്ടുമുതലേ വലിയ മുൻഗണന ലഭിച്ചിരുന്നു. കോഡ് ഉണ്ടാക്കുവാൻ എളുപ്പമാണ് പക്ഷേ അത് പൊളിക്കുക എന്നത് വളരെ ശ്രമകരവും. എനിഗ്മാ മെഷീൻ അതി സങ്കീർണ്ണമാണെന്നും ഒരിക്കലും തകർക്കാൻ കഴിയാത്ത തരം കോഡുകൾ ആണ് ആ മെഷീനുകൾ ഉണ്ടാക്കുന്നതെന്നും കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. രഹസ്യ ആശയവിനിമയ രംഗത്ത് ജർമ്മനിക്കാരുടെ വജ്രായുധം ആയിരുന്നു എനിഗ്മാ മെഷീനുകൾ. ജർമ്മൻ മുങ്ങിക്കപ്പലുകളും യുദ്ധ വിമാനങ്ങളും എനിഗ്മാ കോഡുകളുടെ സഹായത്തോടെ കൃത്യമായി ഏകോപിപ്പിച്ച് നടത്തിയ ആക്രമണങ്ങളിലൂടെ സഖ്യകക്ഷികളുടെ നട്ടെല്ല് ഒടിയുന്ന സ്ഥിതിയിലെത്തി. എനിഗ്മാ മെഷീനുകളുടെ കോഡ് പൊളിച്ചടുക്കാനുള്ള ആദ്യ ശ്രമം നടത്തിയതിൽ മേൽക്കൈ പോളണ്ടുകാർക്ക് ആയിരുന്നു. പോളിഷ് ഗണിതജ്ഞനും ക്രിപ്റ്റോഗ്രാഫറുമായിരുന്ന രജേവ്സ്കിയുടെ എനിഗ്മാ കോഡ് ബ്രേക്കിംഗ് വിദ്യകൾ എടുത്തു പറയേണ്ടതായുണ്ട്. ഒരു എനിഗ്മാ മെഷീൻ പോലും കയ്യിലില്ലാതെ കൊഡുകൾ വിജയകരമായി ഡീക്രിപ്റ്റ് ചെയ്യാൻ രജേവ്സ്കിക്ക് കഴിഞ്ഞു. ഇതെങ്ങിനെയാണെന്ന് നോക്കാം. എനിഗ്മാ മെഷീൻ ഒരു സാങ്കേതിക വിസ്മയം ആയിരുന്നു എങ്കിലും അതിലും ചില പഴുതുകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് ഒരക്ഷരം ഒരിക്കലും അതിന്റെ കോഡ് ആയി വരുന്നില്ല എന്നത് ആയിരുന്നു. അതായത് A യുടെ കോഡ് ആയി ഒരിക്കലും A വരില്ല. അതുപോലെ തന്നെയാണ് മറ്റ് അക്ഷരങ്ങളുടേയും കാര്യം. മെഷീൻ എത്ര കേമമായാലും സുരക്ഷിതമായാലും ഉപയോഗിക്കുന്നവർ വരുത്തുന്ന പിഴവുകൾ അതിന്റെ അന്തസ്സത്തയെ ഇല്ലാതാക്കും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് എനിഗ്മയുടെ കാര്യത്തിലും. ജർമ്മൻ ഓപ്പറേറ്റർമ്മാരിൽ ചിലർ ഒരേ കീ തന്നെ പല പ്രാവശ്യം അമർത്തുന്നത് ഡീകോഡ് ചെയ്താൽ അതിന്റെ വയറിംഗിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്. ഇതിനു പുറമേ ഓരോ ദിവസവും കീ മാറ്റിയതിനു ശേഷം സന്ദേശങ്ങൾ തുടങ്ങുന്നതിനു തൊട്ട് മുൻപ് ഒരേ വാക്ക് തന്നെ രണ്ടു പ്രാവശ്യം എന്റർ ചെയ്ത് അയച്ചിരുന്നു. കീ മാറ്റിയതിന്റെ ഒരു കൺഫർമേഷൻ ആയും അയക്കുന്ന സന്ദേശങ്ങളിൽ പിഴവില്ലെന്ന് ഉറപ്പ് വരുത്താനുമൊക്കെയായിരുന്നു ഇത്. അതിനും പുറമേ ഇത്തരത്തിൽ കീ മാറ്റുന്നതിനു മുൻപേ ക്രമരഹിതമായ ഏതെങ്കിലും മൂന്നക്ഷരങ്ങൾ ആയിരിക്കണം ആവർത്തിക്കേണ്ടത് എന്ന നിബന്ധനയും അലസരായ ഓപ്പറേറ്റർമ്മാർ തെറ്റിച്ചിരുന്നു. അതിനാൽ അവർ എളുപ്പത്തിനായി AAA, QWE, ASD തുടങ്ങിയ കീ ബൊഡിൽ എളുപ്പം എന്റർ ചെയാൻ കഴിയുന്ന കീ കോമ്പിനേഷനുകൾ ഉപയോഗിച്ചിരുന്നു. ക്രിപ്റ്റോ അനാലിസിസിനെ സംബന്ധിച്ചിടത്തോളം ആവർത്തനം എന്നത് വിണു കിട്ടുന്ന വെള്ളിനാണയങ്ങളാണ്. ഇത്തരത്തിൽ ആദ്യ തലമുറ എനിഗ്മാ മെഷീനുകൾ ഉണ്ടാക്കുന്ന കോഡുകളുടെ പാറ്റേണുകൾ പഠിച്ച് ചില അക്ഷരങ്ങൾ ഒരു പ്രത്യേക തരത്തിൽ ആവർത്തിക്കുന്നതായും അത് വഴി എനിഗ്മാ മെഷീനിന്റെ വയറിംഗ് പുനസൃഷ്ടിക്കാൻ കഴിയുമെന്നും പോളിഷ് ക്രിപ്റ്റോഗ്രാഫർ ആയിരുന്ന രജേവ്സ്കി കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഓരോ എനിഗ്മാ റോട്ടോറുകളുടേയും പരമാവധി വയറിംഗ് സാദ്ധ്യതകൾ ഓരോന്നായി ക്രമീകരിച്ച് വിവിധ കോമ്പിനേഷനുകളിലൂടെ ഏത് കീ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ കഴിയുന്ന ഒരു ഇലക്ട്രോ മെക്കാനിക്കൽ കോഡ് ബ്രേക്കിംഗ് മെഷീൻ രജേവ്സ്കിയും സംഘവും ആവിഷ്കരിച്ചു. അതിന്റെ പേരായിരുന്നു ബോംബ. ഇതോടൊപ്പം തന്നെ ജർമ്മനിയിലെ ഫ്രഞ്ച് ചാരന്മാർ വഴി ലഭിച്ച എനിഗ്മാ മാനുവലും കോഡുകളും മറ്റും ഉപയോഗിച്ച് എനിഗ്മാ മെഷീനുകളുടെ ഡൂപ്ലിക്കേറ്റ് കോപ്പികൾ ഉണ്ടാക്കിയെടുക്കാനും പോളണ്ടുകാർക്കായി. ഈ സമയത്തും ബ്രിട്ടീഷുകാർ ഭാഷാ വിദഗ്ദരായ ക്രിപ്റ്റാഗ്രാഫർമ്മാരെ ഉപയോഗിച്ചുകൊണ്ടായിരുന്നു കോഡ് ബ്രേക്ക് ചെയ്യാൻ ശ്രമം നടത്തിയിരുന്നത് എന്ന് ഓർക്കണം. ബോംബ മെഷീനുകൾ ആദ്യ കാലങ്ങളിൽ വളരെ ഫലപ്രദമായിരുന്നു. പക്ഷേ ജർമൻകാർ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ തന്നെ അവരുടെ മെഷീനുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. റൗട്ടർ സ്വിച്ചുകളുടെ എണ്ണം കൂട്ടി, പ്ലഗ് ബോഡുകൾ എന്നറിയപ്പെടുന്ന വയറിംഗ് ബോഡ് കൂടി കൂട്ടീച്ചേർത്തു. ഇതോടെ പോളിഷ് ബോംബാ മെഷീനുകളെക്കൊണ്ട് കാര്യമായ പ്രയോജനമില്ലാതായിത്തീർന്നു. 1939 കളുടെ മദ്ധ്യത്തോടെ ജർമ്മനിയുടെ പോളണ്ട് അധിനിവേശം ആസന്നമായതൊടെ എനിഗ്മയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ കണ്ടെത്തലുകളും പോളണ്ടുകാർ ഫ്രാൻസുമായും ബ്രിട്ടനുമായും പങ്കുവയ്ക്കുകയും എനിഗ്മയുടെ പകർപ്പുകൾ നൽകുകയും ചെയ്തു. എനിഗ്മ കോഡ് ബ്രേക്ക് ചെയ്യുന്നതിനായി ബ്രിട്ടൻ ബ്ലച്ലീ പാർക്കിൽ ക്രിപ്റ്റോഗ്രാഫർമ്മാരും റേഡിയോ ഇന്റർസെപ്ഷൻ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ വിപുലമായ സംവിധാനങ്ങൾ തന്നെ ഒരുക്കിയിരുന്നു. ഭാഷാ വിദഗ്ദരെക്കൊണ്ട് എനിഗ്മയെ തോല്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് അധികൃതർ ഗണിതശാസ്ത്രപരമായ സാദ്ധ്യതകൾ പരിശോധിക്കാനും ഉപയോഗപ്പെടുത്താനും അക്കാലത്തെ പ്രമുഖ യുവ ഗണിതശാസ്ത്ര പ്രതിഭകൾക്ക് അവിടെ നിയമനം നൽകി. അലൻ ടൂറിംഗ് അങ്ങിനെയാണ് എനിഗ്മയുമായി ബന്ധപ്പെടുന്നത്. ഇത്രയധികം കോമ്പിനേഷനുകൾ സാദ്ധ്യമായ എനിഗ്മാ കോഡുകൾ പൊളിച്ചടുക്കാൻ മനുഷ്യർക്കുള്ള പരിമിതികൾ മനസ്സിലാക്കിയ അലൻ ടൂറിംഗ് പോളണ്ടുകാർ തെരഞ്ഞെടുത്ത വഴിയെ തന്നെ സഞ്ചരിച്ചു. ബോംബെ മെഷീനിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് തന്നെയാണ് അലൻ ടൂറിംഗും ഉണ്ടാക്കിയെടുത്തത്. പക്ഷേ രൂപകല്പനയിൽ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നുമാത്രം. നമുക്ക് ഒരു നമ്പർ ലോക്കിന്റെ ഉദാഹരണം എടുക്കാം. മൂന്നക്കമുള്ള നമ്പർ സെറ്റ് ചെയ്യാവുന്ന ഒരു ബ്രീഫ് കേസിന്റെ നമ്പർ ലോക്ക് പൊളിക്കാൻ എത്ര നേരം വേണം? 000 മുതൽ 999 വരെയുള്ള ഓരോ കോമ്പിനേഷനുകളും ഒന്നൊന്നായി പരീക്ഷിച്ചാൽ പോരേ? മൂന്നിനു പകരം നാലായാലോ 0000 മുതൽ 9999 വരെ പരീക്ഷിക്കേണ്ടി വരും. അതായത് സമയവും ആനുപാതികമായി കൂടുന്നു. ഇനി അക്കങ്ങളും അക്ഷരങ്ങളും കൂടി ചേർന്ന ഒരു ലോക്ക് ആണെങ്കിലോ ആവശ്യമായ ശ്രമങ്ങളുടെ എണ്ണം വീണ്ടും കൂടുന്നു. ഇത്തരത്തിൽ ഓരോ കോമ്പിനേഷനുകളും ഒന്നൊന്നായി പരീക്ഷിക്കുന്ന രീതിയെ ‘ബ്രൂട്ട് ഫോഴ്സിംഗ് ‘ എന്നാണു അറിയപ്പെടുന്നത്. അന്ധമായ ബ്രൂട്ട് ഫോഴ്സിംഗ് വളരെ സമയമെടുക്കുന്ന ഒന്നാണ്. അതായത് എല്ലാ കോമ്പിനേഷനുകളും ഒന്നൊന്നായി പരീക്ഷിച്ച് നോക്കുന്നത് വളരെ ശ്രമകരം തന്നെ. ഇവിടെ ചില സൂചനകൾ ലഭിച്ചാലോ അതായത് ആദ്യ അക്കം 1 ആണ് എന്നൊരു സൂചന കിട്ടിയാൽ 1 ൽ തുടങ്ങുന്ന അക്കങ്ങൾ മാത്രം പരീക്ഷിച്ചാൽ മതിയല്ലോ. അലൻ ടൂറിംഗ് ഡിസൈൻ ചെയ്ത മെഷീൻ ഇതുപോലെ എല്ലാ എനിഗ്മാ കോമ്പിനേഷനുകളും ഒന്നിനു പിറകേ ഒന്നായി പരീക്ഷിക്കാനായി ഡിസൈൻ ചെയ്തിട്ടുള്ളതായിരുന്നു. പക്ഷേ ചുരുങ്ങിയ സമയങ്ങൾക്കകം ഈ കോമ്പിനേഷനുകൾ മുഴുവൻ പരിശോധിക്കുക എന്നത് മെഷീനിന്റെ സ്പീഡീനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രാപ്യമായ ഒന്നായതിനാൽ ചില സൂചനകൾ നൽകാനും അതനുസരിച്ച് സമയം കുറച്ച് കൊണ്ടു വരാനുമുള്ള രീതിയിൽ ആയിരുന്നു അത് ഡിസൈൻ ചെയ്യപ്പെട്ടത്. CILLIES എന്ന് പേരിട്ട് വിളിക്കുന്ന ഇത്തരം അറിയുന്ന വാക്കുകൾ ഈ മെഷീന് നൽകിയാൽ പ്രസ്തുത വാക്കുകൾ ലഭിക്കുവാനായുള്ള റോട്ടോർ സെറ്റിംഗ്സുകൾ (എനിഗ്മാ കോഡുകൾ) കണ്ടെത്താൻ ഈ മെഷീൻ വഴി കഴിഞ്ഞിരുന്നു. അതായത് മുൻകൂട്ടി അറിയാവുന്ന വാക്കുകളോ വാചകങ്ങളോ നൽകിയാൽ എല്ലാ എനിഗ്മാ കോഡ് കോമ്പിനേഷനുകളും പരിശോധിക്കാതെ തന്നെ ഈ വാക്കുകൾക്ക് വേണ്ടി മാത്രം തിരഞ്ഞ് അധികം സമയമെടുക്കാതെ ടൂറിംഗിന്റെ മെഴീൻ ഉപയോഗിച്ച കോഡുകൾ നൽകിയിരുന്ന. ജർമ്മൻ രഹസ്യ സന്ദേശങ്ങളിൽ ആവർത്തിക്കപ്പെടുന്ന വാക്കുകൾ മെഷീനിന്റെ ജോലി എളുപ്പമാക്കി. ഉദാഹരണത്തിന് മിക്ക ദിവസങ്ങളിലും രാവിലെ അയക്കുന്ന കാലാവസ്ഥാ സ്ഥിതി വിവര റിപ്പോർട്ടുകളിലെ weather, all clear തുടങ്ങിയ വാക്കുകൾ, Heil Hitler എന്ന നാസി സല്യൂട്ട് എന്നിവ ഇത്തരത്തിൽ സൂചകങ്ങളായി ഉപയോഗപ്പെടുത്തി ടൂറിംഗിന്റെ ബോബെ മെഷീനിന്റെ പണി എളുപ്പമാക്കി. ഇത്തരത്തിൽ അറിയപ്പെടുന്ന വാക്കുകൾ കിട്ടാതെ വരുന്ന സാഹചര്യത്തിൽ ജർമ്മനിക്കാരെക്കൊണ്ട് വിവരങ്ങൾ എനിഗ്മയിലൂടെ നൽകിക്കുവാൻ വേണ്ടി ബോധപൂർവ്വം ബ്രിട്ടീഷ് നേവി മൈനുകളും മറ്റും നിർദ്ദിഷ്ട സ്ഥാനങ്ങളിൽ സ്ഥാപിച്ചിരുന്നു. ഈ മൈനുകളുടെ വിവരങ്ങൾ എനിഗ്മാ ഓപ്പറേറ്റർമ്മാർ മുങ്ങിക്കപ്പലുകൾക്കും മറ്റ് ജർമ്മൻ പടക്കപ്പലുകൾക്കും നൽകുമ്പോൾ അവയിൽ നിന്നും സൂചനാ പദങ്ങൾ ഊഹിച്ചെടുക്കാൻ കഴിയുമായിരുന്നു. ഇതിനെ cillies gardening എന്നാണു വിളിച്ചിരുന്നത്. എനിഗ്മാ കോഡുകൾ പൊളിച്ചടുക്കപ്പെട്ടു എന്ന വിവരങ്ങൾ ജർമ്മനിക്കാർ മനസ്സിലാക്കാതിരിക്കാനുള്ള വഴികളും സഖ്യകക്ഷി സേന കൈക്കൊണ്ടിരുന്നു. ഈ ഒരൊറ്റ കണ്ടുപിടുത്തം നാസികളുടെ സകല യുദ്ധ തന്ത്രങ്ങളുടേയും മുനയൊടിക്കുന്നതായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചുകൊണ്ട് രണ്ടാം ലോക മഹായുദ്ധം രണ്ടൂ വർഷമെങ്കിലും നേരത്തേ അവസാനിപ്പിക്കുന്നതിൽ ഗണിതശാസ്ത്രവും സാങ്കേതിക വിദ്യയും വിജയിച്ചതിന്റെ കഥകൂടിയാണീ എനിഗ്മാ കോഡ് ബ്രേക്കിംഗ്. ബുദ്ധിയുള്ള മെഷീനുകളെ അതിബുദ്ധിയുള്ള മെഷീനുകൾ തോൽപ്പിച്ച യുദ്ധം. യുദ്ധം അവസാനിച്ചെങ്കിലും എനിഗ്മായുടെ രഹസ്യവും രഹസ്യം പൊളിച്ച രഹസവും അരനൂറ്റാണ്ടുകളോളം അതീവ സൈനിക രഹസ്യമായിത്തന്നെ തുടർന്നു. ഇത്രയും വലിയ സംഭാവനകൾ നൽകിയ അലൻ ടൂറിംഗ് എന്ന മഹാ പ്രതിഭയോട് ബ്രിട്ടീഷ് ഭരണകൂടം ചെയ്തതെന്താണെന്നറിയുമോ? അദ്ദേഹം ഒരു സ്വവർഗ്ഗ പ്രേമി ആയിരുന്നു. സ്വവർഗ്ഗപ്രേമം ബ്രിട്ടനിൽ ഒരു ക്രിമിനൽ കുറ്റമായിരുന്ന അക്കാലത്ത് അലൻ ടൂറിംഗ് ഇതിന്റെ പേരിൽ പിടിക്കപ്പെടുകയും വിചാരണ ചെയ്ത് തടവു ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. ഹോർമ്മോൺ ചികിത്സയ്ക്ക് വിധേയനാക്കപ്പെട്ട അദ്ദേഹം ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അലൻ ടൂറിംഗിനോട് ചെയ്ത ഈ അനീതി തിരിച്ചറിയാനും അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയാനും ബ്രിട്ടീഷ് ഭരണകൂടത്തിന് വിവേകമുദിച്ചത് 2013 ൽ മാത്രമാണ്. വെറും 41 വയസ്സിൽ ജിവിതം അവസാനിപ്പിക്കേണ്ടി വന്ന അലൻ ടൂറിംഗ് കുറച്ചു കാലം കൂടി ജീവിച്ചിരുന്നു എങ്കിൽ നമ്മുടെ ശാസ്ത്ര സാങ്കേതിക ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് തീർച്ച. വാൽക്കഷണം: ഇമിറ്റേഷൻ ഗേം എന്ന സിനിമ കണ്ടാൽ Benedict Cumberbatch ന്റെ മുഖം ആയിരിക്കും പിന്നീട് അലൻ ടൂറീംഗിനെക്കുറിച്ച് ഓർക്കുമ്പോഴും വായിക്കുമ്പോഴും മനസ്സിൽ വരിക. കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് അത്രയ്ക്ക് തകർത്ത് അഭിനയിച്ചിട്ടുണ്ട്. 

 കടപ്പാട്:https://www.facebook.com/sujithkrk


https://www.youtube.com/watch?v=2kD2wMRPpgA

[ Modified: Tuesday, 11 September 2018, 10:39 AM ]